ഇതു ഭാരത പുഴ... വിശ്വാസം വരുന്നില്ല അല്ലെ...? എം.ടി കഥകളിലൂടെയും സിനിമയിലൂടെയുമൊക്കെ നിളയെ അറിഞ്ഞ മലയാളിക്ക് ഒരു പക്ഷെ ഇതു ഒരു അവിശ്വസനീയമായ കാഴ്ച ആവാം.. പക്ഷെ ഭീതിദമായ ആ സത്യം നാം അറിഞ്ഞിരിക്കുക.. നിള മരിക്കുക ആണ്.. മനുഷ്യന്റെ മേല്‍ ഇല്ലാത്ത ദുരാഗ്രഹം ആ നദിയെ കൊല്ലുക ആണ് .
മനസിന്റെ ഒരു കോണില്‍ നിങ്ങളുടെത് മാത്രമായി സൂക്ഷിക്കുന്ന ചില കാല്‍പനിക ചിന്തകളില്‍ നിലാവില്‍ കുളിച്ചു നില്‍ക്കുന്ന നിള യുടെ പഞ്ചാര മണല്‍ പുറം എന്നെങ്കിലും കടന്നു വന്നിട്ടുണ്ടോ..? എങ്കില്‍ ഇതും അറിയുക.. ആ മണല്‍ പുറം ഇന്നു ഇല്ല
മനുഷ്യന്റെ അത്യാര്‍തിയാല്‍ ചവിട്ടി മെതിക്കപെടുന്ന പ്രകൃതിയുടെ നേര്‍ കാഴ്ചകള്‍ ആണ് ഇവിടെ നാം കാണുന്നത്...
അസ്ഥി കലശം താങ്ങാന്‍ പോലും കെല്‍പില്ലാത്ത വിധം ദുര്‍ബല ആയിരിക്കുന്നു ഇന്നു നിള...
മണല്‍ പുറത്തിന് പകരം ഉറച്ചു കട്ടി ആയ ചെളിയും അതിന് മീതെ ചരല്‍ കൊണ്ടുള്ള ആവരണവും ഉള്ള ഒരു മൈതാനം ആണ് ഇന്നു ഉള്ളത്
അനിയന്ത്രിതം ആയി തുടരുന്ന അനധികൃത മണല്‍ വാരല്‍ ഇവിടെ ഒരു നദിയെ തന്നെ ഇല്ലായ്മ ചെയ്യുക ആണ്
നിങ്ങളുടെ സ്വപ്ന ഭൂമിയില്‍ അവശേഷിക്കുന്ന അവസാനത്തെ മണല്‍ തരിയും ചാക്കില്‍ ആക്കി വില്കാന്‍ വച്ചിരിക്കുക ആണ് ഇവിടെ (അതിശയോക്തി ആണ് എന്ന് കരുതണ്ട)
മേല്‍ മണ്ണ് പൂര്‍ണമായും അപ്രത്യക്ഷം ആയിരിക്കുന്നു. അതിനാല്‍ മണല്‍ കുഴിച്ചു എടുക്കുക ആണ് ഇപ്പോള്‍. ഇവിടെ മാത്രമല്ല ചരല്‍ പരപ്പില്‍ നോക്കെത്താ ദൂരത്തോളം ഈ പകല്‍ കൊള്ളയുടെ കാഴ്ചകള്‍ ആണ്

കുഴിച്ചെടുക്കുന്ന മണ്ണ് തല ചുമടായി തൊട്ടു അടുത്തുള്ള റെയില്‍വേ പാളത്തിന്റെ അപ്പുറത്ത് എത്തിക്കുന്നു.അവിടെ നിന്നും വാഹനങ്ങളില്‍ കയറ്റികൊണ്ടു പോകുന്നു. ഈ തൊഴിലാളികള്‍കു ദിവസവും 500 രൂപ വരെ കൂലി കൊടുക്കുന്നു എന്ന് പറയപെടുന്നു.പക്ഷെ അവര്‍ ചെയ്യുന്ന പരിസ്ഥിതി ദ്രോത്തിന്റെ ആഴം അവര്‍ അറിയുന്നില്ല
ഈ സ്ഥലത്തിനു വെറും ഇരുപത്തഞ്ച് മീറ്റര്‍ അപ്പുറത്തായി രണ്ട് പോലീസുകാര്‍ സദാസമയം കാവലുണ്ട് - നിയമ ലംഘകര്‍ക്ക് സംരക്ഷണം നല്‍കാന്‍ . പക്ഷേ അവരെ, നമ്മുടെ ചെലവില്‍ ശമ്പളവും കൊടുത്ത്, അവിടെ പോസ്റ്റ് ചെതിരിക്കുന്നത് മണല്‍ വാരല്‍ തടയുവാനാണ്! (അവരുടെ ഫോട്ടോയും എടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ തീ പാറുന്ന ഒരു നോട്ടത്തിലൂടെ അവര്‍ നയം വ്യക്തമാക്കിയപ്പോള്‍ പിന്‍മാറി.)

പുഴയെന്ന് പറയാന്‍ പലേടത്തും ഇന്ന് ബാക്കിയുള്ളത് മണല്‍ക്കൂമ്പാരങ്ങള്‍ക്കിടയിലെ ഈ നീര്‍ച്ചാലുകള്‍ മാത്രം
നിളയുടെ മുഖമുദ്ര എന്ന് ഇന്നറിയപ്പെടുന്ന ഈ ചെടി പണ്ട് നദിയുടെ ഇരു കരകളില്‍ മാത്രമാണ് വളര്‍ന്നിരുന്നത്. എന്നാല്‍ ഇന്ന് നീരൊഴുക്ക് മിക്കവാറും നിലച്ചതോടെ എല്ലായിടത്തും ഇത് വളരുന്നു.
രാഷ്ട്രീയക്കാരും പോലീസും മറ്റ് "ഉന്നതരുമാണ്" ഇവിടെ നിയമരാഹിത്യത്തിന് ചുക്കാന്‍ പിടിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ ഉയരുന്നില്ല. കാരണം ഇക്കൂട്ടര്‍ കൊല്ലിനും കൊലക്കും അധികാരമുള്ളവരാണ്.

പാലം പണി തുടങ്ങിയിട്ട് പത്തു വര്‍ഷം കഴിഞ്ഞു. ജനങ്ങളുടെ നികുതിപ്പണമായ കോടിക്കണക്കിന് രൂപ പലരുടേയും മടിശ്ശീലയിലെത്തിയെങ്കിലും പണി എങ്ങുമെത്തിയിട്ടില്ല. ഇനിയിപ്പോള്‍ പാലത്തിന്റെ തന്നെ ആവശ്യമുണ്ടാവില്ല.
ഭൂമിയുടെ കണ്ണീര്‍ച്ചാലിലേക്ക് ഒരു ദിവസം കൂടി എരിഞ്ഞു താഴുകയാണ്. ഇനിയെത്ര നാള്‍ എന്ന ചോദ്യം ബാക്കിയാക്കിക്കൊണ്ട്.
എല്ലാം കണ്ടും കേട്ടും മനം മടുത്ത് തിരിച്ചു നടക്കുമ്പോള്‍, വരണ്ട പാണ്ടിക്കാറ്റ് ഒരു ഓ. എന്‍ . വീ കവിതാ ശകലം ചെവിയില്‍ മൂളുമ്പോലെ....
"ഇനിയും മരിക്കാത്ത ഭൂമി, നിന്‍ ആസന്ന മൃത്യുവില്‍ നിനക്കാത്മശാന്തി..."