ആ
വീട് പണിതതില്‍പ്പിന്നെ മൂപ്പര് അതില്‍ സമാധാനത്തോടെ ഉറങ്ങിയിട്ടുണ്ടോ
എന്നു സംശയമാണ്. അണ്ടനും അടകോടനും മുതല്‍ മഹാശ്വേത ദേവി വരെ ആ
വീടിനെപ്പറ്റി അഭിപ്രായം പറയുകയാണ്. എന്തായാലും സഖാവ് പിണറായി വിജയന്‍
തന്റെ വീട്ടിലേക്ക് നമ്മെ സ്വാഗതം ചെയ്യുകയാണെന്നു തോന്നുന്നു. മഹാശ്വേത
ദേവിയെ കേരളത്തിലെ മാധ്യമങ്ങളിലൂടെ അദ്ദേഹം സ്വാഗതം ചെയ്യുമ്പോള്‍ അത് ഏഴാം
കൂലികളായ പ്യുവര്‍ മല്ലൂസിനും സിന്‍ഡിക്കറ്റ് മാധ്യമ കഴുവേറികള്‍ക്കും
കൂടിയുള്ള സ്വാഗതമാണെന്നു സംഗ്രഹിക്കാം. അല്ലെങ്കില്‍ മൂപ്പര്‍ക്ക്
ദേവിയുടെ വീട്ടിലേക്ക് ഒരു കമ്പിയടിച്ചാല്‍ മതി. ദേവി വന്നാലായി,
ഇല്ലെങ്കിലായി, തത്വാധിഷ്ഠിതമായ ആശയസമരം അവസാനിപ്പിച്ചെങ്കിലായി
ഇല്ലെങ്കിലായി. ഇതിപ്പോള്‍, ശ്വേതാന്റി പത്രങ്ങളിലൂടെ വിജയേട്ടന്റെ
മണിമാളികയെ കുറ്റം പറഞ്ഞതുകൊണ്ട് വിജയഞ്ചേട്ടന്‍ തിരിച്ചൊരു പൂശങ്ങട്
പൂശിയതാവാം. പണ്ടത്തെ ആ ‘പിണറായിയുടെ വീട്’ ഇമെയില്‍ ആരോ ശ്വേതാന്റിക്ക്
അയച്ചുകൊടുക്കുകയും ആന്റിയതുകണ്ട് ക്ഷോഭിക്കുകയും വലതുപക്ഷമാധ്യമങ്ങളിലൂടെ
മഹാവിസ്‌ഫോടനപ്പെടുകയും ചെയ്തതാവാം. എന്തായാലും തിരിച്ചു നാടു പിടിച്ച
മഹാശ്വേത ദേവി വീണ്ടും പുറപ്പെടുകയായി. കഴിഞ്ഞ ദിവസം വന്നത്
ടി.പി.ചന്ദ്രശേഖരന്റെ വീട്ടിലേക്കായിരുന്നെങ്കില്‍ ഇത്തവണ നേരേ വരുന്നത്
പിണറായിയുടെ വീട്ടിലേക്കാണ്.
എല്ലാറ്റിനും പുറമേ,
ഇമെയിലിലേതുപോലത്തെ ഒരു വീടല്ല തന്റേതെന്നും തന്റേത് ആരെയും എപ്പോഴും
സ്വാഗതം ചെയ്യുന്ന ലളിതസുന്ദരകേളീഭവനമാണെന്നും വിജയന്‍ പിണറായി സഖാവ് തന്നെ
പറയുന്നതു കേള്‍ക്കുമ്പോള്‍ ആരോ കലക്കിവച്ച മുളകുവെള്ളത്തിനു പകരം നല്ല
തണുത്ത ലസ്സി കുടിച്ചതുപോലെ ഒരു ഫീലിങ്. മൊത്തത്തില്‍ എടോ, പോടോ എന്നൊക്കെ
പറഞ്ഞുകൊണ്ടിരുന്ന പിണറായി വിജയനും സോ കോള്‍ഡ് ജയരാജന്മാര്‍ക്കും
അട്ടപ്പാടിയില്‍പ്പോയി വട്ടായിലച്ചന്റെ ധ്യാനം കൂടി നന്നായതുപോലെ ഒരു
മാറ്റം. വന്നു വന്ന് എന്തും പറയാനിവിടെ ഒരു പി.സി.ജോര്‍ജ് മാത്രമായി.
ജനങ്ങളെ മൊത്തത്തോടെ ഉന്മൂലനം ചെയ്യുന്നത് റാഡിക്കലായ ഒരു മാറ്റം
അല്ലാത്തതിനാലാവാം മാധ്യമങ്ങളെ ക്ഷ,ണ്ണ പഠിപ്പിക്കാന്‍ മാധ്യമവികാരജീവി
സെബാസ്റ്റിയന്‍ പോളണ്ടും കളത്തിലുണ്ട്.
പറഞ്ഞു വന്നത് പിണറായിയുടെ
ഗൃഹാതുരത്വത്തെ പറ്റിയാണ്. അദ്ദേഹം വീട് പണിത കാലത്ത് (അതൊരു കാലം!) ആ
വീട് കാണാന്‍ ഒഞ്ചിയത്തു നിന്നും ഓര്‍ക്കാട്ടേരിയില്‍ നിന്നും ടാസ്‌കി
പിടിച്ചുപോയ സാധാരണ പ്രവര്‍ത്തകരെ വീടിന്റെ പരിസരത്ത് റോമിങ്ങിലായിരുന്ന
സിപിഎം ഗുണ്ടകള്‍ അടിച്ചോടിച്ചു എന്ന് ഡാങ്കേയുടെ കാലം മുതല്‍
ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചിരുന്ന ചിലരുടെ അനുയായികള്‍ പറഞ്ഞു
പ്രചരിപ്പിച്ചിരുന്നു. അപ്പോഴാണല്ലോ തൃശൂര് സിനിമാ ഷൂട്ടിങ്ങിനു
കൊടുക്കുന്ന വീടിന്റെ ഫോട്ടോയുടെ അടിയില്‍ ധാര്‍മികരോഷം ഛര്‍ദിച്ച് മല്ലൂസ്
ഇമെയിലയച്ചു രസിച്ചത്. അന്നു പലരും പറഞ്ഞു, മെയിലിലുള്ള വീട് ശരിക്കുമുള്ള
വീടിനെക്കാള്‍ ചെറുതായതുകൊണ്ടാണ് വിജയഞ്ചേട്ടനു ദേഷ്യം വന്നതെന്ന്.
എന്നാല്‍, ശ്വേതാന്റിയെ വീട്ടിലേക്കു വെല്ലുവിളിക്കുന്നതോടെ അത്തരം
വലതുപക്ഷവാദങ്ങള്‍ പൊളിയുകയാണ്. അല്ലെങ്കില്‍ പിണറായി വിജയന്റെ വീട്
വലിപ്പമുള്ളതാണെങ്കില്‍ അദ്ദേഹം യഥാര്‍ത്ഥ കമ്യൂണിസ്റ്റല്ല എന്നു
വാദിക്കുന്നവന്‍ ഏതു ഡാങ്കേയുടെ കാലത്തു നിന്നു വരുന്നവനാണെങ്കിലും ശരി
കപടസോഷ്യലിസ്റ്റാണ്. പിണറായി വിജയന്‍ ഒരു ബെഡ്‌റൂമും അടുക്കളയും മാത്രമുള്ള
വാടകവീട്ടില്‍ കഴിയുന്നതുകൊണ്ട് സിപിഎം മഹത്തായ പ്രസ്ഥാനമാകുമെന്നു
സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് മമ്മൂട്ടിയും മോഹന്‍ലാലും മുടി നരച്ച
വൃദ്ധന്മാരായി അഭിനയിച്ചാല്‍ മലയാള സിനിമ നന്നാവുമെന്നു പറയുന്നതുപോലെയാണ്
(എന്തു ചെയ്താലും ഇതൊന്നും നന്നാവില്ല എന്നല്ല വ്യംഗ്യം).
പിണറായിയുടെ വീട്ടില്‍ താനും പോയിട്ടുണ്ടെന്നാണ് നോവലിസ്റ്റ് പി.വല്‍സല
ഇന്നലെ കോഴിക്കോട്ട് പറഞ്ഞത്. മൂപ്പര് തറവാട് വീട് ഒന്നു
പുതുക്കിപ്പണിതതിനാണ് ഈ പഴിയെല്ലാം കേട്ടതത്രേ. മാധ്യമപ്രവര്‍ത്തകരെ അക്ഷരം
പഠിപ്പിക്കുന്നതിനായി സംഘടിപ്പിച്ച സെമിനാറില്‍ മഹാശ്വേത ദേവിയുടെ
ഉദ്ദേശശുദ്ധിയെ വല്‍സച്ചേച്ചി സംശയിക്കുകയും ചെയ്തിട്ടുണ്ട്.
ശ്വേതാന്റിയുടെ ഉദ്ദേശശുദ്ധിക്കൊന്നും ഒരു കുറവുമില്ല. ഏതോ വലതുപക്ഷി
പറഞ്ഞുകൊടുത്തത് വിശ്വസിച്ച് പാവം പറഞ്ഞതാണ്. എന്തായാലും മഹാശ്വേതാ ദേവി
കലിപ്പുകള്‍ അടങ്ങാതെ ഒരു വരവു കൂടി വരുമ്പോള്‍ ഓള്‍ കേരള വലതുപക്ഷ മീഡിയ
സിന്‍ഡിക്കറ്റ് ക്യാമറയും മൈക്കുമായി കളത്തിലുണ്ടാവും. അന്ന് എല്ലാ
ചാനലുകളും സഖാവിന്റെ വീട് ലൈവ് അടിക്കും, തദ്വാരാ കേരളത്തിലെ
എല്ലാവര്‍ക്കും ആ ഭവനം ദര്‍ശിക്കുവാനും ഭാവിയില്‍ ആ ഭവനം ഒരു
തീര്‍ഥാടനകേന്ദ്രമാവാന്‍ ഇതെല്ലാം ഒരു നിമിത്തമായിത്തീരുകയും ചെയ്യും.
No comments:
Post a Comment