
നിറവെയിലിന്റെ മീനത്തില്‍ കൊയ്‌തൊഴിഞ്ഞ പാടങ്ങളിലെ വേനല്‍പ്പുഴ താണ്ടിയെത്തുന്ന കോമരത്തെപ്പോലെയാണ് ഇടവപ്പാതി മഴയും. പട്ടുടുത്ത്, അരമണികിലുക്കി പള്ളിവാളിളക്കി മഴക്കാലം വരുന്നു. ഇടവപ്പാതിയുടെ ഉത്സവമാകുന്നു മഴ. സ്‌കൂള്‍ തുറക്കുന്ന കാലത്തേയും കൊണ്ടാണ് ഈ മഴ എത്തുക. പുത്തനുടുപ്പ് നനച്ച്, തലമറച്ച കുഞ്ഞുകുടകളും വാഴയിലകളും പറപ്പിച്ച് കാലവര്‍ഷമെത്തുമ്പോള്‍ വെള്ളമൊഴുക്ക് തുടരുന്ന ഇടവഴികളില്‍ ചെറുബാല്യങ്ങളുടെ ആനന്ദനൃത്തം. പുതിയ അധ്യയനവര്‍ഷത്തേയും കൊണ്ടുവരുന്നതുകൊണ്ടാകണം മഴയ്‌ക്ക് പുതിയ പുസ്‌തകത്തിന്റെയും മണമുണ്ടാകും. ചൂടുപിടിച്ചുകിടക്കുന്ന മണ്ണില്‍ കന്നിമഴ വീഴുമ്പോള്‍ ഉയരുന്ന ഉന്മാദിയായ ഒരു ഗന്ധമുണ്ട്. ഈ ഗന്ധത്തിന്റെ ഉന്മാദത്തില്‍ പാമ്പുകള്‍ ഇണചേരുമത്രേ! മഴയ്‌ക്ക് പല വേഷങ്ങളും രൂപങ്ങളുമാണ്. കുട്ടികള്‍ക്ക്, അവരെ സ്‌കൂളിലെത്തിക്കുകയും തിരികെ കൊണ്ടുവരികയും ചെയ്യുന്ന പ്രിയപ്പെട്ട കൂട്ടുകാരന്‍. ഓലമേഞ്ഞ വീടിനുള്ളില്‍ ദുര്‍ബലമായ മണ്‍ഭിത്തി നനച്ച്, അതിലൂടെ കിനിഞ്ഞിറങ്ങുന്നത് ദാരിദ്ര്യത്തിന്റെ മഴ. മുനിഞ്ഞുകത്തുന്ന മണ്ണെണ്ണ വിളക്കിനടുത്താകും ചോരുന്ന മഴവെള്ളം പിടിക്കാനുള്ള പാത്രം. ക്രിക്കറ്റ് പിച്ചിനെ പൊതിഞ്ഞുവീഴുന്ന മഴ, ടി.വി.ക്ക് മുന്നിലിരുന്ന് കളികാണുന്ന യുവത്വത്തിന്റെ ശപിക്കപ്പെട്ട മഴയും. പാര്‍വതിയുടെ കണ്‍പീലികളില്‍ വീണ മഴത്തുള്ളിക്ക് സുന്ദരിയുടെ പ്രതിരൂപകമായിരുന്നു. കണ്‍പീലികളില്‍ തങ്ങി...... ചുണ്ടിലെ കമലപ്പൂവിതള്‍ നുള്ളി, മാറില്‍ത്തട്ടി തകര്‍ന്നു ചിതറി, മൃദുരോമങ്ങളില്‍ ഇടറി, പൊക്കിള്‍ക്കുഴിയൊരു തടാകമാക്കിയ പവിഴ മഴതുള്ളിക്ക് രതിഭാവമാണ്. മുറ്റവും പറമ്പുമില്ലാത്ത ഫ്‌ളാറ്റുവാസിക്ക് മഴ ജനലിനപ്പുറത്തുകൂടി പാഞ്ഞുപോകുന്ന തന്‍േറതല്ലാത്ത വെള്ളത്തുള്ളികളാണ്. മഴ പെയ്യുന്ന നാളുകളില്‍ എ.സി.യുടെ കറന്റ് ലാഭിക്കാമെന്നതാണ് ഫ്‌ളാറ്റിന്റെ ധനതത്ത്വശാസ്‌ത്രം. കാട്ടിലും താഴ്‌വരയിലും മഴ ഏകാകിയാകും. പുഴകളില്‍ ഓളപ്പരപ്പുകള്‍ സൃഷ്‌ടിക്കുന്നു. പുഴയില്‍ മഴക്കാലമെത്തുമ്പോഴാണ് ചെറുമീനുകളുടെ ഘോഷയാത്ര. കരയില്‍ മഴ നനഞ്ഞുള്ള 'ഊത്തപിടിത്തം' വര്‍ഷകാലത്തിന്റെ ഉത്സവങ്ങളിലൊന്നാണ്. കേരളം അടുത്തിടെ ഭയന്ന സൂര്യാഘാതത്തിന്റെ ഭീഷണിക്ക് ഒടുവിലുമാണ് ഇടവപ്പാതിയെത്തുക. ഇടവഴികളായി രൂപാന്തരപ്പെട്ട ചെറുതോടുകള്‍ അപ്പോള്‍ പുനര്‍ജനിക്കും. കനാലുകള്‍ വീണ്ടും ഒഴുകിത്തുടങ്ങും. മാലിന്യത്തില്‍ സമാധിയടഞ്ഞിരുന്ന പുഴകള്‍ ഉണരും. ഇനിയത്തെ മഴയുടെ ഘോഷയാത്രയിലാണ് അജ്ഞാതമായ ഇടങ്ങളില്‍നിന്ന് മണല്‍ ഒഴുകിവരുന്നത്. അതു കൊള്ളയടിക്കാന്‍ കരകളില്‍ ആളുകള്‍ റെഡി. ഉണര്‍ന്നൊഴുകുന്ന പുഴകളെ വഴിതിരിച്ചുവിടുന്ന കാലമാണിത്. നെയ്യാറിന്റെ വെള്ളം തമിഴ്‌നാട്ടിലേക്ക്. പമ്പയെയും അച്ചന്‍കോവിലാറിനെയും അവയുടെ ഉത്ഭവസ്ഥാനത്തിനടുത്തുവെച്ചുതന്നെ തടഞ്ഞുനിര്‍ത്തി, കിഴക്കോട്ടൊഴുക്കി തമിഴ്‌നാട്ടിലെ വൈപ്പാറില്‍ ഒഴുക്കിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍. മുല്ലയാറിലെയും പെരിയാറിലെയും വെള്ളം എന്നേ വഴിമാറിയൊഴുകുന്നു.. ചാലക്കുടിപ്പുഴയും ആളിയാറും കാവേരിയും എല്ലാം സംസ്ഥാനങ്ങളുടെ തര്‍ക്കവസ്‌തുക്കളായി. മഴയുണ്ടാകുന്നതെങ്ങനെ? കടല്‍വെള്ളം നീരാവിയായി ആകാശത്തേക്ക് ഉയര്‍ന്ന് തണുത്തുറഞ്ഞ് കാറ്റടിച്ച് ഭൂമിയില്‍ പതിക്കുന്നുവെന്ന് പാഠപുസ്‌തം. ദേവകളുടെ കണ്ണീരാണ് മഴയെന്ന് കഥകള്‍. പുരാണങ്ങളിലെ ഓരോ പ്രളയകാലവും തുടങ്ങുന്നത് ഒരു ചെറുമഴയില്‍നിന്ന്. മഴപെയ്യുന്നതെങ്ങനെ എന്ന ചോദ്യത്തിന് 'ഞറുങ്ങണെ പിറുങ്ങണെ' എന്ന് ഒരു വികൃതിയുടെ മറുപടി. പക്ഷേ, ഇടുക്കിയില്‍ മഴ പെയ്യുന്നത് അക്കങ്ങളിലാണ്. മഴയ്‌ക്ക് നമ്പറുള്ള ഒരേയൊരു ഇടമാകാം ഇവിടെ. മഴ കാണുമ്പോള്‍ ഇവിടെ പഴമക്കാര്‍ പറയും-അത് ഏതു നമ്പര്‍ മഴയാണെന്ന്. 40-ാം നമ്പര്‍ മഴ നാടിന് ഐശ്വര്യം കൊണ്ടുവരും. 40-ാം നമ്പറില്‍ നാലു കാലാവസ്ഥയും-ചൂട്, തണുപ്പ്, മഴ, മഞ്ഞ് ചേരേണ്ടവിധംതന്നെ ചേര്‍ന്നിരിക്കുമെന്ന് കരുവെള്ളായന്‍ കൊലുമ്പന്‍ പറഞ്ഞതായി പരിസ്ഥിതിയെയും ഇടുക്കിയെയും കുറിച്ച് പഠിച്ച വൈദ്യുതിവകുപ്പിലെ മുന്‍ എന്‍ജിനിയര്‍ കരിങ്കുന്നം രാമചന്ദ്രന്‍നായര്‍. കരുവെള്ളായന്‍ കൊലുമ്പന്‍ ഇടുക്കിയില്‍ ഇടം കാട്ടിക്കൊടുത്ത ആദിവാസി കൊലുമ്പന്‍ തന്നെ. 40-ാം നമ്പറില്‍ ആവശ്യത്തിന് മഴ പെയ്യും. വെള്ളപ്പൊക്കവുമുണ്ടാകും. നാട്ടുംപുറത്തെ ഭാഷയില്‍ പറഞ്ഞാല്‍ എറച്ചിലടിക്കുക, പൂതാന്‍ അടിക്കുക എന്നൊക്കെ പറയുന്നതുപോലെ ഇളംകാറ്റടിച്ചാല്‍ കോലായിലേക്ക് ജലകണങ്ങള്‍ പറന്നുവീഴുന്നതിന്റെ അളവാണത്രേ മഴയുടെ നമ്പറിന്റെ അടിസ്ഥാനം. 40-ാം നമ്പര്‍ മഴ, ശാസ്‌ത്രീയമായി ഭൂമിക്ക് 40 ഡിഗ്രി ചരിവില്‍ പറന്ന് തുടര്‍ച്ചയായി പെയ്‌തുകൊണ്ടിരിക്കും. ഒരിക്കലും തോരുകയില്ല. ഇക്കാലം ഹൈറേഞ്ചിന് നല്ല കാലമാണ്. സുഖകരമായി നനയാം. എന്നാല്‍ 100-ാം നമ്പര്‍ മഴയ്‌ക്ക് നാട് മുടിയുമെന്നാണ്. വനവും വൃക്ഷങ്ങളും കുറഞ്ഞതോടെ ഭൂമിയില്‍ ആഴ്‌ന്നിറങ്ങുന്ന മഴവെള്ളത്തിന്റെ അളവും കുറഞ്ഞു. ഫലമോ, ഒരു വര്‍ഷകാലത്തിനുശേഷം ജലക്ഷാമം പതിവാകുന്നു; ജലജന്യരോഗങ്ങളും. അവയ്‌ക്കും ശാശ്വത പരിഹാരം അടുത്ത മഴക്കാലം.
No comments:
Post a Comment