മഞ്ഞുകാലം വരുംതോറും മാവിലെല്ലാം പൂവ് കാണാം' എന്ന് പറയുമ്പോലെ തെരഞ്ഞെടുപ്പ് കാലം വരുമ്പോഴെല്ലാം ബി.ജെ.പിയുടെ നാവില്‍ രാമനാമവും രാമക്ഷേത്രവും പൂത്തുവിളയാടും. രാഷ്ട്രീയമായി ഇന്ത്യയിലെ ജനങ്ങളെ ആകര്‍ഷിക്കാനോ രാജ്യത്തെ നയിക്കാനോ തീരെ കെല്‍പ്പില്ലാത്ത പ്രാകൃതമനസ്കരായ ഒരു കൂട്ടം വര്‍ഗീയ വാദികള്‍ നയിക്കുന്ന ബി.ജെ.പി മതവികാരം എടുത്തുയര്‍ത്തി ഇന്ത്യാ മഹാരാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാം എന്ന് എപ്പോഴും വ്യാമോഹിക്കുന്നു. മുഹമ്മദാലി ജിന്ന എങ്ങനെയാണോ അയല്‍രാജ്യമായ പാകിസ്ഥാനെ ഒരു മതരാഷ്ട്രമാക്കി മാറ്റിയത് അതുപോലെ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാമെന്നാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്. വിഭിന്നങ്ങളായ വിശ്വാസ പ്രമാണങ്ങളും ആചാര മര്യാദകളും ജീവിത രീതികളും പുലര്‍ത്തി പല ഭാഷകള്‍ സംസാരിച്ച് ജീവിക്കുന്ന 110 കോടി ജനങ്ങളുടെ ഒരു മഹാരാജ്യമാണ് ഇന്ത്യ.
നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ആത്മാവിനെ അചഞ്ചലമായി നിലനിര്‍ത്തുന്നത്. മഹാത്മാ ഗാന്ധി ജീവന്‍ കൊടുത്ത് നേടിയതും ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ രാജീവ് ഗാന്ധി വരെയുള്ളവര്‍ താലോലിച്ച് വളര്‍ത്തിയതും ആണ് ഇന്ത്യയുടെ മതനിരപേക്ഷത. ഡോ: ബി.ആര്‍. അംബേദ്കര്‍ വര്‍ഷങ്ങളോളം അനുധ്യാനിച്ച് രൂപംകൊടുത്തതാണ് ഈ ജനാധിപത്യ പരമാധികാര രാഷ്ട്രത്തിന്റെ ഭരണഘടന. മതവിശ്വാസം വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അത് ഏറെക്കുറെ സ്വകാര്യവുമാണ്. രാഷ്ട്രീയ ഭരണ വ്യവസ്ഥയുമായി മതവിശ്വാസത്തെ കൂട്ടിക്കലര്‍ത്തുന്നത് ആധുനിക സമൂഹത്തിന് സ്വീകാര്യമാവില്ല. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടേയും വികാസത്തിലൂടെ രൂപപ്പെടുന്ന ഭൗതിക വളര്‍ച്ചയുടെ അടിത്തറ സൃഷ്ടിക്കുന്ന ഭരണകൂടങ്ങള്‍ വ്യക്തിയുടെ ഇഷ്ടാനിഷ്ടമായ മത ആചാരവുമായി ഇടപഴകിയാല്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നത വളരും. അങ്ങനെ ഭിന്നിപ്പിച്ച് മുതലെടുക്കാം എന്ന് വ്യാമോഹിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയില്‍ ബി.ജെ.പിയാണ്.
വികസന പ്രശ്നങ്ങളോ സാമ്പത്തിക നയങ്ങളോ രാഷ്ട്രീയ തത്വശാസ്ത്രങ്ങളോ ഉയര്‍ത്തി വിവിധ ജനവിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ ബി.ജെ.പിക്ക് ഒരിക്കലും കഴിയുന്നില്ല. അതിനാല്‍ ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും അകറ്റി ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ വൈകാരികമായി സ്വാധീനിക്കാന്‍ രാമക്ഷേത്ര നിര്‍മ്മാണം ഉപകരിക്കും എന്ന് ബി.ജെ.പിയുടെ മൂഢന്‍മാരായ നേതാക്കള്‍ ഇപ്പോഴും വിശ്വസിക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും എന്നാണ് നാഗ്പൂരില്‍ ചേര്‍ന്ന ബി.ജെ.പി നിര്‍വ്വാഹക സമിതി യോഗത്തില്‍ എല്‍.കെ. അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും സാക്ഷിനിര്‍ത്തി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചത്. പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ നിയമനിര്‍മ്മാണത്തിലൂടെ അയോധ്യയിലെ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ പറയുന്നു.
എന്‍.ഡി.എ അധികാരത്തിലിരുന്നപ്പോള്‍ 1998ന് ശേഷം രാമക്ഷേത്ര നിര്‍മ്മാണം, പൊതുസിവില്‍ നിയമം, ഭരണഘടനയിലെ 370-ാം വകുപ്പ് എന്നീ വിഷയങ്ങളില്‍ തികഞ്ഞ മൗനം പാലിച്ച ബി.ജെ.പി ഇലക്ഷന്‍ മാത്രം ലക്ഷ്യമാക്കിയാണ് വീണ്ടും അയോധ്യാ പ്രശ്നം എടുത്ത് മുന്നിലിട്ടത്. നാഗ്പൂരിലെ വേദിയില്‍ അച്ചടിച്ച് വിതരണം ചെയ്ത രാജ്നാഥ് സിംഗിന്റെ പ്രസംഗത്തില്‍ രാമക്ഷേത്ര നിര്‍മ്മാണ പ്രശ്നം പറഞ്ഞിരുന്നില്ല. ആര്‍ എസ് എസിന്റെ ആസ്ഥാനത്ത് ഈ വിഷയം ഉള്‍പ്പെടുത്തി പ്രസംഗം കൊഴുപ്പിച്ച രാജ്നാഥ് സിംഗ് വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിച്ചാല്‍ മാത്രമേ അടുത്ത തെരഞ്ഞെടുപ്പിന് പച്ചതൊടുകയുള്ളൂ എന്ന് വിചാരിക്കുന്നുണ്ടാകാം. 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യത്തിലൂടെ 2004ല്‍ ബി.ജെ.പി ജനങ്ങളുടെ വോട്ട് തേടിയെങ്കിലും വിജയിക്കാനായില്ല. കേവലം വികസന മുദ്രാവാക്യങ്ങള്‍കൊണ്ട് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാകാം ബി.ജെ.പി ഇപ്പോള്‍ അവരുടെ തനി നിറം പുറത്തെടുത്തിരിക്കുന്നത്.
1992 ഡിസംബറില്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കാന്‍ ബി.ജെ.പിക്ക് ഒത്താശ ചെയ്ത യു.പി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ് ഇപ്പോള്‍ ആ പാര്‍ട്ടിയില്‍ ഇല്ല. അദ്ദേഹം അന്നത്തെ തന്റെ നടപടിയില്‍ കഴിഞ്ഞ ദിവസം അഗാധമായ ഖേദം പ്രകടിപ്പിച്ചിരുന്നു. കല്യാണ്‍ സിംഗിനെ കൊണ്ട് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ പാപം ചെയ്യിച്ച ബി.ജെ.പിക്ക് അതില്‍ യാതൊരു ഖേദവുമില്ല. എന്നു മാത്രമല്ല അതില്‍ അവര്‍ അഭിമാനിക്കുകയും ക്ഷേത്ര പുനര്‍ നിര്‍മാണവുമായി മുന്നോട്ട് പോകുമെന്ന് പറയുകയും ചെയ്യുന്നു. ആധുനിക ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരു രാമക്ഷേത്രമല്ല ആവശ്യം. ആഗോളതലത്തില്‍ വീശിയടിക്കുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയില്‍ അചഞ്ചലമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നയിച്ചുകൊണ്ടുപോകുന്ന വിശാലവീക്ഷണമുള്ള ഒരു ഭരണകൂടത്തെയാണ് ഇന്നത്തെ ഇന്ത്യയ്ക്ക് ആവശ്യം.
ബ്ലോഗിലെ സംഘപരിവാര്‍ പോസ്റ്റുകളില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ നോക്കിയാല്‍ അവരുടെ നിലവാരം മനസ്സിലാകും. ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നം പോലും അവര്‍ കൈകാര്യം ചെയ്യാറില്ല. കപടമായ ദേശസ്നേഹ വായ്ത്താരിയും വിഷം തുപ്പലും അപഹസിക്കലും മാത്രം. അനാഗതശ്മശ്രുക്കളെയും അനാഗതാര്‍ത്തവകളെയും ലാക്കാക്കിയുള്ള ഇത്തിരിക്കുഞ്ഞന്‍ കളി. ആ നിലക്ക് തെരഞ്ഞെടുപ്പില്‍ ഇതുപോലുള്ള കാര്‍ഡ് അല്ലാതെ വേറെ ഏത് കാര്‍ഡ് ഇറക്കിക്കളിക്കും അവരുടെ മൂത്താപ്പമാര്‍?
ReplyDelete