Monday, October 12, 2009

ആസിയാന്‍ കരാര്‍ ദുരന്തങ്ങള്‍

കേന്ദ്രസര്‍ക്കാര്‍ ആരുമറിയാതെ ഇരുട്ടു കൂട്ടി പോയി ഒപ്പിട്ട ആസിയാന്‍ കരാര്‍ പളയ ഗാട്ടുപോലെ ഇന്ത്യാമഹാരാജ്യത്തെയും ഇവിടുത്തെ കമ്യൂണിസ്റ്റ് ജനകീയ-തൊഴിലാളി പ്രസ്ഥാനങ്ങളെയും വിഴുങ്ങാന്‍ വാപിളര്‍ന്നു വരികയാണ്. കരാര്‍ ഒപ്പിട്ടതു മുതല്‍ ഇവിടെ ആസിയാന്‍ ദുരന്തങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നിങ്ങള്‍ക്കറിയാവുന്നതുപോലെ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ചൈന, ക്യൂബ പോലുള്ള രാജ്യങ്ങള്‍ ഭാരതത്തിനു പകര്‍ന്നു നല്‍കിയിട്ടുള്ള സത്യസന്ധമായ വിപ്ലവസമരോര്‍ജവും തകര്‍ക്കാന്‍ കാലങ്ങളായി തക്കം പാര്‍ത്തിരിക്കുന്ന അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങള്‍ നേരിട്ടിടപെടാന്‍ തുടങ്ങിയിരിക്കുന്നു.

പോള്‍ എന്നൊരു ചെറുപ്പക്കാരനെ കുത്തിക്കൊന്ന് അത് ഇന്നാട്ടിലെ ഗുണ്ടാസഖാക്കളുടെയും അതു വഴി മന്ത്രിമാരുടെയും മന്ത്രിപുത്രന്മാരുടെയും തലയില്‍ കെട്ടിവച്ച് മന്ത്രിതലമുറയെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള യുപിഎ- ആസിയാന്‍ മാഫിയാ പ്രവര്‍ത്തനം നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളെയും അവര്‍ വിലയ്ര്‍ക്കെടുത്തു. എന്തിന് ? സെബാസ്റ്റ്യന്‍ പോള്‍ പോലും അവരുടെ വലയിലായില്ലേ ? ഇൌ മാധ്യമങ്ങള്‍ക്കൊക്കെ വല്ല വിചാരവുമുണ്ടോ ? ഇതുകൊണ്ടൊന്നും അവസാനിച്ചിട്ടില്ല. കള്ളപ്രചാരണവുമായി ആസിയാന്‍-യുപിഎ മാഫിയ ശക്തമായി രംഗത്തുണ്ട്. ഇവര്‍ക്ക് എര്‍എസ്എസിന്റെ സഹായവുമുണ്ട്.
ഇന്ത്യയുടെ ചന്ദ്രയാന് സംഭവിച്ചതെന്താണെന്നു നമ്മള്‍ കണ്ടതാണ്. അത് പറന്ന് പറന്ന് ചന്ദ്രനിലെത്താറായപ്പോഴാണ് കളിയില്‍ തോല്‍ക്കുമെന്നു മനസ്സിലായ നാസ ആസിയാന്‍ കരാറിന്റെ ബലത്തില്‍ ഇടപെടല്‍ നടത്തിയത്. ചന്ദ്രയാന്‍ വിജയിച്ചാല്‍ നാസ പിരിച്ചുവിട്ടാല്‍ മതിയെന്ന് അമേരിക്കക്കറിയാം. അതുകൊണ്ട് ആസിയാന്‍ കരാര്‍ പ്രകാരം ഉപഗ്രഹത്തിന്റെ യൂസര്‍നെയിമും പാസ്ര്‍വേര്‍ഡും കൈക്കലാക്കിയ അമേരിക്ക സംഗതി ചന്ദ്രനിലെത്തും മുമ്പ് അതിന്റെ വയറെല്ലാം വലിച്ചു പറിച്ചു കളഞ്ഞു. എന്നിട്ടെന്തായി ? ചന്ദ്രയാന്റെ ആപ്പീസു പൂട്ടിയെന്നു നമുക്കു സമ്മതിക്കേണ്ടി വന്നില്ലേ ?
ഒടുവിലെന്തായി ? ചന്ദ്രനില്‍ വെള്ളമുണ്ടെന്നു നാസ അമേരിക്കയില്‍ വച്ചു പ്രഖ്യാപിച്ചിരിക്കുന്നു. ഇതു പ്രഖ്യാപിക്കാന്‍ നാസയ്ര്‍ക്കെന്തു കാര്യം ? അല്ലെങ്കിലും എത്രയോ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ വച്ച് ചന്ദ്രനില്‍ വെള്ളമുണ്ട്, ചന്ദ്രനില്‍ വെള്ളമുണ്ട് എന്നു ഞങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. അല്ലെങ്കിലും ചന്ദ്രയാനൊക്കെ മുമ്പേ റഷ്യയും ചൈനയും ഇൌ രംഗത്ത് എന്തുമാത്രം പരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നു. അന്ന് അതൊക്കെ തകര്‍ത്തതും ഇതേ അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സും കൂടി ചേര്‍ന്നായിരുന്നല്ലോ.
ആസിയാന്‍ കരാര്‍ ഒപ്പിട്ടതിനു ശേഷം ഇവിടെ റോഡുകള്‍ താറുമാറായി. നാഷനല്‍ ഹൈവേയൊക്കെ കിടക്കുന്ന കിടപ്പു കാണണം. അതുപോലെ, മഴ തീരെ കുറഞ്ഞു. ഇടുക്കിയിലെ വൃഷ്ടിപ്രദേശത്ത് കിട്ടേണ്ടിയിരുന്ന മഴയിപ്പോള്‍ കിട്ടുന്നത് കാലിഫോര്‍ണിയയിലും കോപ്പന്‍ഹാഗനിലും ഒക്കെയാണ്. എല്ലാം കരാറിന്റെ ഫലങ്ങള്‍. ഇതു ചോദ്യം ചെയ്യാന്‍ പോയ പാവം ആനന്ദ് ജോണ്‍ എന്നൊരു ചെറുപ്പക്കാരനെ അമേരിക്ക പത്തറുപത് കൊല്ലത്തേക്കല്ലേ ജയിലിലടച്ചത്. ആസിയാന്‍ കരാറില്‍ ഒപ്പിടരുത്, ഒപ്പിടരുത് എന്നു ഞങ്ങള്‍ വിവിധ ഭാഷകളില്‍ പറഞ്ഞതാണ്. ഒപ്പിട്ടേ അടങ്ങുവൊള്ളാരുന്നു. ഇനി അനുഭവിക്കാനുള്ളതെല്ലാം എല്ലാവരും കൂടിയങ്ങ് അനുഭവിച്ചോണം.
ആസിയാന്‍ കരാറിന്റെ ഭാഗമായാണ് ഇവിടെ പന്നിപ്പനി വന്നത്. പണ്ട് ഗാട്ട് ഒപ്പിട്ട കൂട്ടത്തിലാണ് എയ്ഡ്സ് വന്നതെന്നോര്‍ക്കണം. എയ്ഡ്സ് പിന്നെ മറ്റേ പരിപാടിയുമായി അറ്റാച്ച് ചെയ്തു വരുന്നത് കൊണ്ട് അക്കാര്യത്തില്‍ സൂക്ഷിച്ചാല്‍ മതിയായിരുന്നു. ഇതിപ്പോള്‍ അങ്ങനെ വല്ലതുമാണോ ? ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പിടിക്കാം. ഒന്നും ചെയ്യാന്‍ പറ്റില്ല. എന്നിട്ട് എല്ലാവരും സര്‍ക്കാരിനെയും ആരോഗ്യവകുപ്പിനെയും കുറ്റം പറയുന്നു. ലാവ്ലിന്‍ കേസിന്റെ കാര്യം അങ്ങനെ. സത്യത്തില്‍ അമേരിക്കയും ലാവ്ലിന്‍ കമ്പനിയും തമ്മിലുള്ള പിണക്കത്തില്‍ പാവം പിണറായി ഇരയായതാണ്. നാളെ അമേരിക്ക ആരോടൊക്കെ പിണങ്ങുമെന്നതിനെ ആശ്രയിച്ചിരിക്കും ഇവിടുത്തെ മറ്റു നേതാക്കളുടെ അവസ്ഥ.

ഏറ്റവും ഒടുവില്‍ എയര്‍ ഇന്ത്യക്കാര്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നു. എന്താണ് കാര്യം ? ഒന്നുമില്ല, അമേരിക്കന്‍ വിമാനക്കമ്പനികള്‍ ഇന്ത്യയിലേക്കു കൂടുതല്‍ സര്‍വീസ് നടത്താന്‍ പോകുന്നു. അപ്പോള്‍ എയര്‍ ഇന്ത്യയുമായി ഒരു മല്‍സരത്തിന് അവര്‍ക്കു താല്‍പര്യമില്ല. അതുകൊണ്ട് എയര്‍ ഇന്ത്യയോട് സര്‍വീസ് നിര്‍ത്താന്‍ അവരാവശ്യപ്പെട്ടു, കണ്ണും പൂട്ടി എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തി. ഇതാണ് ആസിയാന്‍ കരാറിന്റെ ദുരന്തങ്ങള്‍. ഇതിനപ്പുറവും ഇനി വരും, അതെല്ലാം നിങ്ങളനുഭവിക്കും. എന്നിട്ട് പാര്‍ട്ടിക്കു വല്ല ചെറിയ അബദ്ധോം പറ്റിയാന്‍ അതു വലിയ സംഭവമായി നിങ്ങളാഘോഷിക്കും.
ഇനിയങ്ങോട്ട് നിങ്ങള്‍ എന്തു കഴിക്കണം, എന്തു കുടിക്കണം എന്നതു പോലും ആസിയാന്‍ കരാര്‍ തീരുമാനിക്കും. പക്ഷെ, പാര്‍ട്ടി ഇതൊന്നും സമ്മതിച്ചു കൊടുക്കില്ല. കണ്ണൂരും കരിവള്ളൂരും എന്തിന് പ്ലാച്ചിമടയില്‍ വരെ വിപ്ലവസമരം കൊണ്ട് അമേരിക്കയെ തുരത്തിയിട്ടുണ്ട്. ഞങ്ങള്‍. ആസിയാല്‍ കരാറിനെതിരെയും ഞങ്ങള്‍ കൈകോര്‍ക്കുന്നു. രണ്ടാം തീയതിയിലെ മനുഷ്യച്ചങ്ങലയോടെ അമേരിക്കയുടെ അടിവേരുകള്‍ കുലുങ്ങും, അപ്പീസ് പൂട്ടും. അന്ന് പാര്‍ട്ടി ആത്യന്തികമായി അമേരിക്കയുടെ മേലുള്ള വിജയം സുനിശ്ചിതമാക്കും. അത്ര തന്നെ , ഹല്ല പിന്നെ.