Wednesday, May 20, 2009

മറന്നുവോ നിങ്ങളെന്നായിഷയെ?

വളരെ നിഷ്‌ക്കളങ്കയായിരുന്ന ഒരു പിഞ്ചുബാലികയുടെ ജീവിതമാണ്‌ നമ്മള്‍ ഇവിടെ കാണുന്നത്‌. വിടരുന്നതിനുമുമ്പു കശക്കിയെറിയപ്പെടുന്ന ഇത്തരം പൂക്കളെ ഇന്നും, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നാം കാണുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പത്രം തുടര്‍ന്നു നടത്തിക്കൊണ്ടു പോകാന്‍ കഷ്‌ടപ്പെട്ടപ്പോള്‍ കാള്‍ മാര്‍ക്‌സിന്റെ ഒരു നിരീക്ഷണമുണ്ട്‌. ആരുടെ ഉന്നമനത്തിനുവേണ്ടിയാണോ ഈ കഷ്‌ടപ്പാടു സഹിക്കുന്നത്‌, അവരില്‍ നിന്നു തുച്ഛമായ സഹായമേ ലഭിക്കുന്നുള്ളു. എന്നാല്‍ അവരുടെ നാശത്തിനുവേണ്ടി നിലകൊള്ളുന്ന സംരംഭങ്ങളെ അവര്‍ ഉദാരമായി സഹായിക്കുന്നു!

കേരളത്തില്‍ത്തന്നെ, ആരുടെ നന്മയ്‌ക്കുവേണ്ടിയാണോ സ്വാശ്രയനിയമം കൊണ്ടുവന്നത്‌, അവര്‍ അതിനെ എതിര്‍ക്കുന്ന സഭയുടെ സമരപഥങ്ങളില്‍ അണികളായി! ഭൂപരിഷ്‌ക്കരണത്തിന്‌ സര്‍ക്കാര്‍ തുനിഞ്ഞപ്പോള്‍ ജന്മികളോടുചേര്‍ന്ന്‌ ആ സര്‍ക്കാരിനെ എതിര്‍ത്തവരില്‍ അതിന്റെ ഗുണഭോക്താക്കളുമുണ്ടായിരുന്നു.
ഈ വൈരുദ്ധ്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സഹജവാസനയാണിത്‌. ഏഴാംകിട കച്ചവടസിനിമകളെ വിജയിപ്പിക്കുന്ന നമ്മുടെ തൊഴിലാളിവര്‍ഗ്ഗം പാവങ്ങളുടെ പടത്തലവനായ ഏ.കെ.ജി യെക്കുറിച്ചു നിര്‍മ്മിച്ച ചിത്രം കാണാന്‍ വേണ്ടത്ര ആവേശം കാട്ടിയില്ല. തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ പലതിനെയും അവര്‍ വിജയിപ്പിക്കുകയും ചെയ്‌തു.

പുതിയൊരു ചലച്ചിത്രഭാഷയുമായി വന്ന കെ.പി.കുമാരന്‍ വിലപിച്ചതീയിടെയാണ്‌. നമ്മുടെ യുവാക്കള്‍ ഒരു തവണയെങ്കിലും, ഇതെന്താണെന്നറിയാന്‍ വേണ്ടിയെങ്കിലും ആകാശഗോപുരം ഓടുന്ന തീയേറ്ററില്‍ കയറിനോക്കിയില്ലല്ലോയെന്ന്‌. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നടിച്ചിട്ടും പടം എട്ടുനിലയില്‍ പൊട്ടി.

ഇനി രമണന്റെ പ്രണയത്തെ സ്‌നേഹിച്ച മലയാളിയുടെ കാര്യം നോക്കാം. പ്രണയിക്കുക, പ്രണയഭംഗം വരുമ്പോള്‍ ജീവനൊടുക്കുക. ഇത്തരം പ്രകൃതക്കാരെ നെഞ്ചേറ്റിനടന്നു, നമ്മുടെ വായനക്കാര്‍. പ്രണയം തികച്ചും വൈയക്തികമായ സംഗതിയാണ്‌. ഒരുവനൊരുവളില്‍ പ്രണയം തോന്നുക, അതിന്റെ പാരമ്യത്തില്‍ അന്ധനാകുക. ലോകത്തെയും സമൂഹത്തെയും വിസ്‌മരിച്ച്‌ അതിന്റെ അച്ചുതണ്ടില്‍ കറങ്ങുക. ഒടുവില്‍ അവള്‍ അവളുടെ പാട്ടിനുപോകുമ്പോള്‍ ഒരുകൂട്ടര്‍ അവളെ ആക്രമിക്കുക, ആസിഡൊഴിക്കുക, ഉന്മൂലനാശം വരുത്തുക- ഇതാണു പരിപാടി. മറ്റൊരു കൂട്ടരാവട്ടെ ആത്മഹത്യചെയ്യുന്നു. വ്യക്തിയുടെ `ഠ' വട്ടത്തില്‍ കറങ്ങുന്ന ഇക്കൂട്ടരെ സമൂഹം പുച്ഛിച്ചുതള്ളേണ്ടതാണ്‌. എന്നാലോ, നമ്മുടെ സമൂഹം ഇവരുടെ കദനകഥകള്‍ ഹൃദയത്തിലേറ്റി നടക്കുന്നു!

ഞാന്‍ ഇവിടെ പറയുന്നത്‌ രമണന്റെ ആശയത്തെക്കുറിച്ചാണ്‌. ആ കൃതിയിലെ കവിതാത്മകമായ വരികളെക്കുറിച്ചല്ല. രമണന്‍ വായിച്ചാസ്വദിക്കാവുന്നതാണ്‌; ആസ്വദിക്കേണ്ടതാണ്‌. എന്നുകരുതി രമണന്റെ ദുഃഖം ഈ സമൂഹത്തിന്റെ ദുഃഖമായി കരുതരുത്‌. അത്‌ പരാജിതന്റെ ദുഃഖമാണ്‌. ആ പരാജിതന്‍ സമൂഹത്തിന്‌ ഒന്നുംതന്നെ നല്‍കുന്നില്ല.

ഞാനൊരു രമണന്റെ വിഡ്‌ഢിത്തം കാട്ടുകില്ലെന്നു പറഞ്ഞൊരു നായകനെ സൃഷ്‌ടിച്ച കവിയാണ്‌ വയലാര്‍ രാമവര്‍മ്മ. വയലാറിന്റെ ആയിഷ എന്ന ഖണ്‌ഡകാവ്യത്തിന്റെ ആശയം സമൂഹത്തെ പൊള്ളിക്കുന്നതാണ്‌. വീടുകളില്‍ പാലുകൊണ്ടുകൊടുത്തു ജീവിക്കുന്ന, എട്ടുംപൊട്ടും തിരിയാത്ത ഒരു മുസ്‌ലീം പെണ്‍കുട്ടിയുടെ വികാരനിര്‍ഭരവും സംഭവബഹുലവുമായ ദുരന്തകഥയാണ്‌ 1954ല്‍ പ്രസിദ്ധീകരിച്ച ആയിഷ. ഇന്നത്തോളം പുരോഗമിച്ചിട്ടില്ലാത്ത, അന്നത്തെ ആ മതയാഥാസ്ഥിതികത്വത്തിന്റെ വേലിക്കെട്ടില്‍ക്കിടന്നു പിടഞ്ഞൊരു പിഞ്ചുബാലികയുടെ അവസ്ഥ. ദുരവസ്ഥ!

അദ്രമാനെന്ന ക്രൂരനായ ഇറച്ചിവെട്ടുകാരന്റെ മകള്‍. ഉമ്മയില്ലാത്ത കുട്ടി. ഉമ്മയെ തൊഴിച്ചുകൊന്നതാണത്രെ! അവളെ അപ്പുപ്പന്റെ പ്രായമുള്ളൊരാള്‍ക്ക്‌ കെട്ടിച്ചുകൊടുത്തു, അദ്രമാന്‍.
കരളില്‍ കണയേറ്റമാതിരി പിടഞ്ഞവള്‍
കരയുന്നതിന്‍മുമ്പു വില്‍പ്പന കഴിഞ്ഞുപോയ്‌! -
അതേ അതു വിവാഹമായിരുന്നില്ല, അതൊരു വില്‍പ്പനയായിരുന്നു.
അമ്പതോ നൂറോ രൂപയ്‌ക്കായിഷ വില്‍ക്കപ്പെട്ടു
നാലഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ആ ചിത്രശലഭത്തിന്റെ പ്രസരിപ്പുള്ള ശാലീനലാളിത്യം ചതഞ്ഞകൊന്തായിമാറി.
ആറോളം യുവതികള്‍ കേട്ടു ഞെട്ടിയ ശബ്‌ദ-
മായിഷയും കേട്ടു: നിന്നെ മൊഴിചൊല്ലി ഞാന്‍ പെണ്ണേ..
കനം തൂങ്ങിയ വയറുമായ്‌ വീട്ടിലെത്തിയപ്പോള്‍ ബാപ്പ, അദ്രമാന്‍ വീട്ടിലില്ല. കൊലക്കുറ്റത്തിന്‌ ജയിലിലാണ്‌. എങ്കിലും അവള്‍ അനാഥയായില്ല.
തെരുവില്‍, കണ്ടിക്കാതെ പച്ചമാസങ്ങള്‍ വില്‍ക്കും
തെരുവില്‍, പുതിയൊരു മെംബറും കൂടിച്ചേര്‍ന്നു!

അവള്‍ പ്രസവിച്ചപ്പോള്‍ അവളുടെ കൂട്ടുകാരികള്‍ ആ കുഞ്ഞിനെ പൊന്തക്കാട്ടിലേയ്‌ക്കു വലിച്ചെറിഞ്ഞു. പട്ടികള്‍ കടിച്ചുവലിച്ചു മരിച്ച നിലയില്‍ ആ പിഞ്ചുജഡം തെരുവില്‍ കാണപ്പെട്ടപ്പോള്‍ ആയിഷ കൊലക്കുറ്റത്തിന്‌ പിടിക്കപ്പെട്ടു. ശിക്ഷകഴിഞ്ഞവള്‍ പുറത്തുവരുന്നത്‌ വീര്‍ത്തവയറുമായാണ്‌! അവള്‍ ആ കുഞ്ഞിനെ വളര്‍ത്താന്‍ തീരുമാനിച്ചു.
ആരോ കറക്കിയെറിഞ്ഞിട്ടു നാടിന്റെ
നേരേവരുമേറു പമ്പരമായി..

അവന്‍ വളര്‍ന്നു. ആയിഷ വല്ല ജോലിക്കും ശ്രമിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.
കാലണകിട്ടില്ല തെണ്ടിയാല്‍, രാത്രിയില്‍
നാലണകിട്ടും കടക്കണ്ണനക്കിയാല്‍...

അങ്ങനെ, റഹിമിനെ വളര്‍ത്താന്‍ ആയിഷ വീണ്ടും വേശ്യയായി. വേശ്യാവൃത്തി തുടരുന്നതിനിടെ ഒരു നാള്‍ മദ്യോതിദമായ ലഹരിയില്‍, തന്നെ നിക്കാഹുകഴിച്ച ആ വൃദ്ധന്‍ വീട്ടിലേക്കു വന്നുകയറി.
ആടിക്കുഴഞ്ഞുതന്‍ മാറത്തുചായുവാ-
നായിട്ടണയുമാ കാമപ്പിശാചിനെ

കരളിന്റെ കുത്തും ഞെറിയും പിളര്‍ന്നുപോകുംവിധം കത്തികയറ്റി അവള്‍ കൊന്നു. വീണ്ടും കാരാഗൃഹത്തില്‍. റഹിം തെണ്ടിത്തിരിഞ്ഞു നടന്നു. അവന്റെ മുത്തച്ഛന്‍ അദ്രമാന്‍ ജയിലില്‍നിന്നുവന്നു. റഹിമിനു കൂട്ടായി.

ആയിഷാ ഉമ്മാടെ പൊന്നുമോനാണു ഞാന്‍.. എന്നു പാടിക്കൊണ്ട്‌ അവന്‍ അദ്രമാനൊപ്പം തെരുവുകളില്‍ അലഞ്ഞുനടന്നു.
ചാവുകയില്ലവ, വളരുവാനാണതിന്‍
ഭാവം, പലതിനുമുത്തരം നല്‍കുവാന്‍!

വളരെ നിഷ്‌ക്കളങ്കയായിരുന്ന ഒരു പിഞ്ചുബാലികയുടെ ജീവിതമാണ്‌ നമ്മള്‍ ഇവിടെ കാണുന്നത്‌. വിടരുന്നതിനുമുമ്പു കശക്കിയെറിയപ്പെടുന്ന ഇത്തരം പൂക്കളെ ഇന്നും, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നാം കാണുന്നു. നളിനീജമീലയുടെ ആത്മകഥയും ആര്യാടന്‍ ഷൗക്കത്തിന്റെ പാഠം ഒന്ന്‌ ഒരു വിലാപവും ഇതിന്‌ അനുബന്ധങ്ങള്‍. ആര്‌ അംഗീകരിച്ചാലും ഇല്ലെങ്കിലും രമണനെക്കാള്‍ കാലാതിവര്‍ത്തിയാണ്‌ ആയിഷ.

ഇതു വായിച്ചിട്ട്‌ സാഹിത്യത്തിലെ തമ്പുരാക്കന്മാര്‍ക്ക്‌ (വയലാറിന്റെ പ്രയോഗം) ഹാലിളകുമെങ്കില്‍ ഇളകട്ടെ. എനിക്കു മരണമില്ലെന്നു പ്രഘോഷിച്ച ആ കവിയുടെ ശബ്‌ദം നിങ്ങള്‍ കേള്‍ക്കുന്നില്ലേ? ഒന്നു ചെവിയോര്‍ക്കൂ... മറന്നുവോ നിങ്ങളെന്നായിഷയെ???

ചുരുക്കം:
രമണന്‍ തീയില്‍ ചാടുന്നവന്റെ സ്വകാര്യവിലാപമാണെങ്കില്‍ ആയിഷ തീയിലേയ്‌ക്കുവലിച്ചെറിയപ്പെട്ടവളുടെ കൂട്ടനിലവിളിയാണ്‌!!!